പശ്ചിമ ബംഗാളിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഗവർണർ സന്ദർശനം നടത്തി. തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കടുക്കവേ സംഘർഷം വ്യാപകമായ വടക്കൻ ജില്ലകളിലാണ് ഗവർണർ ഡോ സി.വി.ആനന്ദബോസ് സന്ദർശനം നടത്തിയത്. അക്രമബാധിതമായ കൂച്ച് ബെഹാർ ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗവർണർ അടിയന്തരമായി ഇടപെടുകയായിരുന്നു.
ശനിയാഴ്ച രാത്രി ദിൻഹത മേഖലയിൽ നടന്ന സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ഒരു ടിഎംസി സ്ഥാനാർത്ഥിയുടെ ബന്ധുവും ഉൾപ്പെടുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. കൂച്ച് ബിഹാർ സർക്യൂട്ട് ഹൗസിൽ രാത്രി ക്യാമ്പ് ചെയ്ത ഗവർണർ സ്ഥിതിഗതികൾ നിരീക്ഷിച്ചു, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ സിൻഹ, എസ്.പി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്ക് അദ്ദേഹം നിർദ്ദേശങ്ങൾ നൽകി.
പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുന്ന ദിൻഹാതയിലെ ആശുപത്രിയും ഗവർണർ സന്ദർശിച്ചു, ഡോക്ടർമാരുമായി സംസാരിച്ച് മികച്ച ചികിത്സ ഉറപ്പാക്കാനും ഇടപെടലുണ്ടായി.

