തിരുവനന്തപുരം: കാസർഗോഡ് അംഗടിമുഗർ സ്കൂളിൽ മരം
ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി ആയിശത്ത് മിൻഹ മരണത്തിൽ മന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
സ്കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. സ്കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

