തേജസ്വി യാദവിന് തിരിച്ചടി; ജോലിക്ക് പകരമായി ഭൂമി തട്ടിയെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ന്യൂഡൽഹി: ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് തിരിച്ചടി. ജോലിക്ക് പകരമായി ഭൂമി തട്ടിയെന്ന കേസിൽ തേജസ്വി യാദവിനെ ഉൾപ്പെടെ പ്രതികളാക്കി സിബിഎ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി എന്നിവർക്ക് പുറമെ 14 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ തുടങ്ങിയവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ 2004- 2009 കാലയളവിൽ ലാലുപ്രസാദ് യാദവ് കുടുംബത്തിന് ഭൂമി നൽകിയിരുന്നവർക്ക് റെയിൽവേയിൽ ജോലി നേടിയെന്നാണ് കേസ്. അതേസമയം, കുറ്റപത്രത്തിൽ വാദം കേൾക്കുന്നതിനുള്ള തീയതി ഇതുവരെ അറിയിച്ചിട്ടില്ല. റെയിൽവേ നിയമനത്തിന് പരസ്യമോ പൊതു അറിയിപ്പോ നൽകാതെ മുംബൈ, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ എന്നിവിടങ്ങളിലെ വിവിധ സോണൽ റെയിൽവേകളിൽ പട്‌ന സ്വദേശികൾക്ക് പകരക്കാരായി നിയമനം നൽകിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.

2018 ലാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. കേസിൽ എൻഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്.