വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായതായി റിപ്പോർട്ട്. ഫെമ കേസുമായി ബന്ധപ്പെട്ടാണ് അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തുന്നത്. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ൽ അനിൽ അംബാനി ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു. യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറോ ഭാര്യയോ മക്കളുമായോ അവരുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനവുമായോ നേരിട്ടോ അല്ലാതെയോ റിലയൻസ് ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്ന് അനിൽ അംബാനി മുൻപ് പറഞ്ഞിരുന്നു.

