കേരളത്തിലെ സിപിഎം ബിജെപിയുടെ ബി ടീം; കെ സുധാകരനെ ജയിലിടയ്ക്കാൻ നോക്കുന്നുവെന്ന് വി ഡി സതീശൻ

കണ്ണൂർ: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കാൻ ധൈര്യം കാണിച്ച പിണറായി വിജയൻ കുഴൽപ്പണ കേസിൽ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സിപിഎം ബിജെപിയുടെ ബി ടീമാണ്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ കേന്ദ്ര ഏജൻസികളുടെ കയ്യിലുള്ളതുകൊണ്ട് ബിജെപിയുമായി ഒത്തുതീർപ്പിലാണ് സിപിഎം. ഏക സിവിൽ കോഡ് വിഷയത്തിൽ ഭിന്നിപ്പുണ്ടാക്കി സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതേ പാതയിലാണ് കേരളത്തിലെ സിപിഎം നേതൃത്വവും സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കെ സുധാകരനെതിരെ കേസെടുക്കാൻ ധൈര്യംകാണിച്ച പിണറായി വിജയൻ കുഴൽപ്പണ കേസിൽ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കി. കാസർകോട്ടെ കേസിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ല. സുരേന്ദ്രനെ നെഞ്ചോട് ചേർത്ത് നിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക. അതാണ് കേരളത്തിലെ സിപിഎമ്മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം സഹയാത്രികനും പിണറായിയുടെ സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസില്ല. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന മോൻസന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ സുധാകരനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

പണം എണ്ണിത്തിട്ടപ്പെടുത്തി കൈതോലപ്പായയിൽ പൊതിഞ്ഞ് കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയെന്ന് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആളാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ നടത്തിയ ആളും പങ്കാളിയാണ്. എന്നിട്ടും കേസില്ല. ഇത് ഇരട്ട നീതിയാണെന്ന് വി ഡി സതീശൻ വിമർശിച്ചു.