തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന സമരത്തിൽ ലീഗിനെ ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ തള്ളി മുസ്ലിം ലീഗ്. പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിന്റെ പേരിൽ കേരള പൊലീസെടുത്ത കേസുകൾ പിൻവലിക്കാൻ തയാറാകാത്തവരാണ് അടുത്ത സമരത്തിന് ക്ഷണിക്കുന്നതെന്നായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.
അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനൊപ്പം പ്രതിഷേധത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അറിയിച്ചിരുന്നു. കേന്ദ്രത്തിൽ മോദി ചെയ്യുന്ന വഴിയാണ് കേരളത്തിൽ സിപിഎം പിന്തുടരുന്നതെന്നാണ് കെ സി വേണുഗോപാലിന്റെ വിമർശനം.
എണ്ണൂറിലധികം കേസുകളാണ് കേരളത്തിൽ പൗരത്വ ബില്ലിനെതിരെ സമരം നടത്തിയവർക്കെതിരെ സിപിഎം സർക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ പിൻവലിക്കാമെന്ന വാക്കുപോലും 3 വർഷം കഴിഞ്ഞിട്ടും പാലിക്കാത്തവരാണ് ഏക സിവിൽ കോഡ് സമരത്തെക്കുറിച്ച് പറയുന്നതെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. സംസ്ഥാനത്ത് സിപിഎം പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണ്. സംസ്ഥാനത്ത് കോൺഗ്രസ് ക്ഷീണിച്ച് ബിജെപി ജയിക്കണം എന്നാഗ്രഹിക്കുന്നവരാണ് സിപിഎം നേതൃത്വമെന്നും കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

