തിരുവനന്തപുരം: ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറായി പത്മകുമാർ ഇ.എസ് ചുമതലയേറ്റു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശ പേടക പരിപാടികൾക്കുമുള്ള മെക്കാനിക്കൽ ഗൈറോകളും ഒപ്റ്റിക്കൽ ഗൈറോകളും അടിസ്ഥാനമാക്കിയുള്ള ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റങ്ങൾ, ആറ്റിറ്റിയൂഡ് റഫറൻസ് സിസ്റ്റങ്ങൾ, ആക്‌സിലറോമീറ്റർ പാക്കേജുകൾ എന്നീവയുടെ രൂപകൽപ്പനയും വികസനവും ഗഗൻയാനിൽ ആദ്യ സഞ്ചരിണിയാകുന്ന വ്യോമിത്ര റോബോട്ടിന്റെ വികസനവും IISU വിലാണ്. തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലാണ് IISU പ്രവർത്തിക്കുന്നത്.
പരേതനായ ശങ്കരൻ ഇ കെയുടെയും പി എൻ സരസ്വതിയുടെയും മകനാണ് പത്മകുമാർ. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി ടെക്കും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് സിസ്റ്റം സയൻസ് ആൻഡ് ഓട്ടോമേഷനിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 1986-ൽ വിഎസ്എസ്സിയിൽ ചേർന്ന അദ്ദേഹം ഗ്രൂപ്പ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ സുപ്രധാന പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2023 ഏപ്രിലിൽ ആദ്യത്തെ സ്വയംഭരണ ലാൻഡിംഗ് നേടിയ RLV-LEX ദൗത്യത്തിന്റെ രൂപകൽപ്പനയിലും അദ്ദേഹം പ്രവർത്തിച്ചു. ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന വികസനത്തിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ലോഞ്ച് വെഹിക്കിൾ സാക്ഷാത്കാരത്തിനായുള്ള വിവിധ സംഭാവനകൾക്ക് ISRO ടീം എക്സലൻസ്, മെറിറ്റ് അവാർഡുകൾ ഉൾപ്പെടെയുള്ള അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ബഹിരാകാശ വിദഗ്ധരുടെ പ്രധാന സംഘടനയായ ഇന്റർനാഷണൽ അക്കാദമി ഓഫ് ആസ്‌ട്രോനോട്ടിക്‌സ് (IAA) ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പ്രൊഫഷണൽ ബോഡികളിലും അദ്ദേഹം അംഗമാണ്.

