ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കും; മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ടെന്ന് അജിത് പവാർ

മുംബൈ: മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങൾക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി പുതുതായി ചുമതലയേറ്റ ഉപമുഖ്യമന്ത്രി അജിത് പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രജ്ഞാ ചടങ്ങിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ കാബിനറ്റ് വകുപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. വിമത നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി നടക്കുകയാണ്. മൂന്നര വർഷം മുൻപു തങ്ങൾ ഉദ്ധവ് താക്കറെയുടെ കീഴിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. ശിവസേനക്കൊപ്പം പോകാൻ കഴിയുമെങ്കിൽ ബിജെപിക്കൊപ്പം പോകാനാകില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

നാഗാലാൻഡിൽ ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ജനങ്ങളുടെ വികസനത്തിന് വേണ്ടി മഹാരാഷ്ട്രയിലും ഇത് ചെയ്യാൻ സാധിക്കില്ലേ. നാഗാലൻഡിൽ എൻസിപിയുടെ ഏഴ് എംഎൽഎമാർ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.