അതിഖ് അഹമ്മദിൽ നിന്ന് ഉത്തർപ്രദേശ് സർക്കാർ കണ്ടുകെട്ടിയ ഭൂമിയിൽ പാവങ്ങൾക്കായി ഫ്ളാറ്റ്; താക്കോൽദാനം നിർവ്വഹിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: അതിഖ് അഹമ്മദിൽ നിന്ന് ഉത്തർപ്രദേശ് സർക്കാർ കണ്ടുകെട്ടിയ ഭൂമിയിൽ പാവങ്ങൾക്കായി നിർമിച്ച ഫ്ളാറ്റുകളുടെ താക്കോൽദാനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദിൽ നിന്ന് കണ്ടുകെട്ടിയ പ്രയാഗ് രാജിലെ 1731 സ്‌ക്വയർ മീറ്റർ ഭൂമിയിൽ നിർമ്മിച്ച ഫ്‌ളാറ്റുകളാണ് യോഗി ആദിത്യനാഥ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. 2021 ഡിസംബർ 26ലാണ് ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം യോഗി സർക്കാർ നിർവ്വഹിച്ചത്.

ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാനായിരുന്നു സർക്കാർ പദ്ധതിയിട്ടത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉത്തർപ്രദേശ് സർക്കാർ ഫ്ളാറ്റുകൾ നിർമിച്ചത്.

2017 ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയും ബിസിനസുകാരുടെയും എന്തിന് സർക്കാർ സ്ഥാപനങ്ങളുടെ പോലും ഭൂമി പിടിച്ചെടുക്കാൻ കഴിയുമായിരുന്ന അതേ സംസ്ഥാനമാണിത്. പാവപ്പെട്ടവർക്ക് അന്ന് ഇതെല്ലാം നിസ്സഹായതയോടെ നോക്കിനിൽക്കാനെ സാധിച്ചുള്ളു. എന്നാൽ ഇന്ന് ഞങ്ങൾ ഇതേ മാഫിയകളിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിൽ പാവങ്ങൾക്കായി വീടുകൾ നിർമിച്ചു നൽകിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് വലിയൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

41 സ്‌ക്വയർ മീറ്ററിലാണ് ഓരോ ഫ്‌ളാറ്റിന്റെയും വിസ്തീർണ്ണം. ഓരോ ഫ്ളാറ്റിലും രണ്ട് മുറി, ഒരു അടുക്കള, ഒരു ശുചിമുറി എന്നിവയാണ് ഉൾപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂൺ ഒമ്പതിന് നറുക്കെടുപ്പിലൂടെയാണ് ഫ്ളാറ്റുകൾക്ക് അർഹരായ പാവപ്പെട്ടവരെ തിരഞ്ഞെടുത്തത്. 6030 അപേക്ഷകൾ പരിശോധിച്ചവയിൽ നിന്ന് 1590 പേരെ നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യരാണെന്ന് കണ്ടെത്തി. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെ 76 പേരെ ഫ്‌ളാറ്റുകൾ കൈമാറാനായി തെരഞ്ഞെടുക്കുകയായിരുന്നു.