ബംഗളൂരു: ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിലുള്ള പോരിൽ നിർണായക വിധി പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നടപടികൾ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിൾ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസർക്കാർ കർശന നിർദ്ദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനാണെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയോ തുടർച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകൾ ഉടൻ പൂട്ടാൻ തയ്യാറാണെന്നായിരുന്നു ട്വിറ്റർ അറിയിച്ചത്.
അങ്ങനെയെന്ന് ബോധ്യമില്ലാത്ത അക്കൗണ്ടുകൾ പൂട്ടണമെങ്കിൽ നടപടി ക്രമം പാലിക്കണം. ഐടി ആക്ടിന്റെ 69 എ അതിന് കൃത്യം നടപടിക്രമം നിർദേശിക്കുന്നുണ്ട്. അത് പാലിച്ചില്ലെങ്കിൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം.അപ്പോൾ ട്വിറ്ററിലെ അക്കൗണ്ടുകൾ മാത്രം പൂട്ടാൻ നിർദേശം നൽകുന്നത് വിവേചനപരമാണെന്നും ട്വിറ്റർ കോടതിയിൽ അറിയിച്ചിരുന്നു.

