കോഴിക്കോട്: വടകരയിൽ കുറുക്കന്റെ ആക്രമണം. എട്ടുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാലുവയസുകാരിയുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. കോട്ടപ്പള്ളിയിലും പൈങ്ങോട്ടായിലുമാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. വീടിനുള്ളിൽ കയറിയാണ് നാലുവയസുകാരിയെ കുറുക്കൻ ആക്രമിച്ചത്. കടിയേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാലിലും കൈയിലും മുതുകിലുമാണ് പലർക്കും കടിയേറ്റിരിക്കുന്നത്. കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. പേയിളകിയ ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. രണ്ടാഴ്ച മുമ്പ് പൊന്നാനി ചങ്ങരംകുളത്ത് വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി തലേക്കര ബാലന്റെ ഭാര്യ സരോജിനെയാണ് കുറുക്കൻ ആക്രമിച്ചത്.

