മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ. പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍. റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാനം ഇപ്പോൾ സുപ്രീം കോടതിക്ക് മുന്നിൽ എത്തിയത്.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌.ഐ.ആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും കേരളം കോടതിയിൽ ഹാജരാക്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.