പതിവായി മുരിങ്ങയ്ക്ക കഴിച്ചാൽ ഗുണങ്ങൾ പലത്

ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണത്തിൽ നിർബന്ധമായി ഉൾപ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങയ്ക്ക. നിരവധി പോഷക ഘടകങ്ങൾ ഇതിലുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. അണുബാധകളെ ചെറുക്കാൻ മുരിങ്ങയ്ക്ക സഹായിക്കും.

ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ഇതിൽ ധാരാളമുണ്ട്. ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാൻ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. രക്തശുദ്ധീകരണത്തിനും മുരിങ്ങയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അകറ്റാനും മുരിങ്ങയ്ക്ക നല്ലതാണ്. നാരുകളും മുരിങ്ങയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നിയാസിൻ, റൈബോഫ്‌ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ മറ്റ് പോഷക ഘടകങ്ങളും മുരിങ്ങയ്ക്കയുടെ ആരോഗ്യ ഗുണം മെച്ചപ്പെടുത്തും.