1700 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് ; കേരളത്തിൽ ക്ലച്ച് പിടിച്ച് ‘ഈറ്റ് റൈറ്റ് കേരള’

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് വിജയകരം. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരമുള്ള ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ സാധിക്കും. വിവിധ ജില്ലകളിലായി 1700 ഹോട്ടലുകള്‍ ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ ഇടം നേടി വരുന്നു.

ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭക്ഷ്യസുരക്ഷാ പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 284 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിച്ചു വരുന്നുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.