വ്യാജ സർട്ടിഫിക്കറ്റ് കേസ് ; മുൻ എസ്എഫ്ഐ നേതാവ് പോലീസ് പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് പോലീസ് പിടിയിൽ. കായംകുളം എംഎസ്എം കോളേജിൽ ഉപരിപഠനത്തിനായി വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ച നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കിയതിനാണ് അബിൻ പിടിയിലായത്.

എസ് എഫ് ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി അബിൻ രാജാണ് തനിക്ക് വ്യാജസർട്ടിഫിക്കറ്റ് ശരിയാക്കി കൊടുത്തതെന്ന് പിടിയിലായതിന് പിന്നാലെ നി​ഖിൽ പോലീസിനോട് പറഞ്ഞിരുന്നു. നിഖിലിന്റെ മൊഴിയെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചതോടെ അബിൻ ഇതിനു മുൻപും ഇത്തരത്തിൽ വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

രണ്ട് മുതൽ നാല് ലക്ഷം രൂപ വരെയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി പലരും ചെലവഴിച്ചത്. എസ്.എഫ്.ഐ നേതാവായിരുന്നതിനാലാണ് നിഖിലിന് രണ്ട് ലക്ഷം രൂപയ്ക്കാണു സർട്ടിഫിക്കറ്റ് നൽകിയത്. ഉപരിപഠനത്തിനും നിയമപഠനത്തിനും ജോലിയ്ക്കുമായാണ് പലരും വ്യാജസർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയത്.

കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു അബിൻ സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയിരുന്നത്. നിഖിലിന്റെ മൊഴി വന്നതോടെ മാലദ്വീപിലായിരുന്ന അബിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയെന്ന് പറയുന്ന എറണാകുളത്തെ മാൻ പവർ റിക്രൂട്ട്മെന്റ് ഏജൻസിയിൽ നിഖിലിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകാൻ ഇരിക്കെയാണ് രണ്ടാം പ്രതിയായ അബിൻ സി രാജും പിടിയിലാകുന്നത്.