1,500 ഏക്കറോളം സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലുമായി പിണറായി വിജയൻ സ്വന്തമാക്കി വെച്ചിട്ടുണ്ടെന്ന ആരോപണം; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ബംഗളൂരുവിലെ മുതിർന്ന മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1,500 ഏക്കറോളം സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലുമായി റിയൽ എസ്റ്റേറ്റ് മുതലാളിമാരുമായി ചേർന്ന് പിണറായി സ്വന്തമാക്കിവെച്ചിട്ടുണ്ടെന്നാണ് ബംഗളൂരുവിലെ മാധ്യമപ്രവർത്തക സന്ധ്യാ രവിശങ്കർ ഉന്നയിച്ച ആരോപണം. ഓൺലൈൻ മീഡിയ വഴിയാണ് മാദ്ധ്യമ പ്രവത്തക ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഈ ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാനനഷ്ടക്കേസ് നൽകാൻ തയ്യാറാകണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ നെൽവയൽ നികത്തൽ നിയമത്തിൽ 2018 ൽ ഭേദഗതി വരുത്തിയിരുന്നു. ഇങ്ങനെ ചെയ്തത് ഈ സ്ഥലത്തെ മാറ്റുന്നതിന് വേണ്ടിയാണ് എന്ന ആരോപണം നേരത്തെതന്നെ ഉയർന്നിരുന്നു. പ്രതിപക്ഷം നിയമസഭയിൽ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും തെറ്റാണെങ്കിൽ മാനനഷ്ടക്കേസ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വെളിപ്പെടുത്തലുകൾ ഇഷ്ടംപോലെ ഉണ്ട്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനാണോ, മോൻസൺ മാവുങ്കലിന്റെ പഴയ ഡ്രൈവറിന്റെ വെളിപ്പെടുത്തലിനാണോ, ദേശാഭിമാനി പഴയ പത്രാധിപ സമിതിയംഗമായ ശക്തിധരന്റെ വെളിപ്പെടുത്തലിനാണോ വിശ്വാസ്യതയെന്ന് അദ്ദേഹം ചോദിച്ചു. അതോ സുധാകരൻ പുറത്താക്കിയ ഡ്രൈവറുടെ വെളിപ്പെടുത്തലിലാണോ വിശ്വാസ്യതയുള്ളതെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

കോൺഗ്രസ് നേതാക്കന്മാർക്കെതിരായി ആരെങ്കിലും പറഞ്ഞാൽ എഴുതി വാങ്ങി കേസെടുക്കുക, പ്രധാനപ്പെട്ട ആളുകൾ മുഖ്യമന്ത്രിക്കെതിരേ ഗുരുതര വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ നിശ്ശബ്ദരായിരിക്കുന്നത് കാട്ടുനീതിയാണ്. പ്രതിപക്ഷ നേതാക്കളെ കേസിൽപ്പെടുത്തി മുഖ്യമന്ത്രിക്കെതിരായി ഉയർന്നുവന്ന അഞ്ച് ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടിയുള്ള ഈ ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായു ചെറുത്തുതോൽപ്പിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.