കൊച്ചി: ആവശ്യമെങ്കിൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ. മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയിൽ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാൻ ഭയമോ ആശങ്കയോ ഇല്ല. പാർട്ടിയ്ക്ക് ഹാനികരമാകുന്ന ഒന്നിനും താൻ നിൽക്കില്ല. ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറിനിൽക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, സുധാകരൻ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതു സംബന്ധിച്ച് ചർച്ചചെയ്തിട്ടില്ലെന്നും സുധാകരനെ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

