ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടി; പരിഹാസവുമായി കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു.

സർക്കാരിന്റെ നീക്കം പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. പിണറായി സർക്കാർ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്‌ക്കാലം മുഴുവൻ ജയിലിൽ അടയ്ക്കാനെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യൂബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് അദ്ദേഹം വിമർശിച്ചു. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. ഒരു സംസ്‌കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ബുദ്ധിജീവികൾ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.