അപ്രത്യക്ഷമായതിന് പിന്നാലെ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചു; ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്

വാഷിങ്ടൻ: ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്. അഞ്ചു പേരുമായി അറ്റ്‌ലാന്റിക്കിലാണ് ടൈറ്റൻ അപ്രത്യക്ഷമായത്. മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ പേടകം പൊട്ടിത്തെറിച്ചിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആശയവിനിമയം നഷ്ടപ്പെടുമ്പോൾ ടൈറ്റൻ പ്രവർത്തിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നാണ് വിവരം. അന്തർവാഹിനികളെ കണ്ടെത്താൻ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനത്തിലാണ് ശബ്ദം രേഖപ്പെടുത്തിയത്. ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോൾ പൊട്ടിത്തെറിക്കോ, ഉൾവലിഞ്ഞുള്ള സ്‌ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി വ്യക്തമായെന്നാണ് ലഭ്യമാകുന്ന വിവരം.

വിക്ടർ 6000 റോബട്ട് സമുദ്രോപരിതലത്തിൽനിന്ന് 4 കിലോമീറ്റർ താഴെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പേടകം തകർന്നെന്നും യാത്രക്കാർ മരിച്ചെന്നും സ്ഥിരീകരിച്ചത്. ടൈറ്റൻ യാത്ര തുടങ്ങിയത് ഞായറാഴ്ച രാവിലെ 8.15നാണ്. ഏഴു മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഏകദേശം ഒന്നരമണിക്കൂറിനുശേഷം പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.