പുരാവസ്തു തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കെ സുധാകരൻ

കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. പരാതിക്കാരനായ തൃശ്ശൂർ സ്വദേശി അനൂപ് മുഹമ്മദിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരൻ വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. അറസ്റ്റിനെ താൻ ഭയപ്പെടുന്നില്ല. ഏറെ കടമ്പകൾ കടന്ന് വന്ന വ്യക്തിയാണ്. ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സുധാകരൻ നോട്ടിസ് പ്രകാരം 23ന് ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.