പൊതുമുതൽ നശിപ്പിച്ച കേസ്; മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാര തുകയായ 3,81,000 രൂപ കോടതിയിൽ അടച്ചു

വടകര: പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയിൽ അടച്ചു. 9 വർഷം മുൻപ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിലാണ് നടപടി. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ വകുപ്പിന് വേണ്ടി പോസ്റ്റ് മാസ്റ്റർ കെ.രാജൻ നൽകിയ ഹർജിയിലെ വിധിയിലാണ് 12 പേർ തുക അടച്ചത്.

സബ് ജഡ്ജി ജോജി തോമസ് മുൻപാകെയാണ് ഇവർ തുക അടച്ചത്. തുക അടയ്ക്കുന്നത് വൈകിയതിനാൽ പലിശയും കോടതി ചെലവും ചേർത്തുള്ള തുകയാണ് ഈടാക്കിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചിനിടയിൽ പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടറും കിയോസ്‌കും ജനലുകളും നശിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി.

2014 മാർച്ച് 31നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പ് ഗ്രേയ്‌സിൽ പി എ.മുഹമ്മദ് റിയാസ് ആണ് കേസിൽ ഒന്നാം പ്രതി. 12 പേരാണ് ഈ കേസിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത്. വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി ശിക്ഷ ശരിവക്കുകയായിരുന്നു. വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. പിഴ അടയ്ക്കാത്തതിനെ തുടർന്ന് പോസ്റ്റൽ വകുപ്പിന്റെ അഭിഭാഷകൻ എം.രാജേഷ്‌കുമാർ വിധി നടപ്പാക്കാൻ അപേക്ഷ നൽകിയതിനെ തുടർന്നാണ് പിഴത്തുക കെട്ടിവച്ചത്. എം.കെ.ശശി, പി.കെ.അശോകൻ, എ.പി.പ്രജിത്ത്, ഷാജി കൊളരാട്, എ.എം.റഷീദ്, ടി.അനിൽകുമാർ, കെ.എം.മനോജൻ, കെ.കെ.പ്രദീപൻ, പി.ടി.കെ. രാജീവൻ, അജിലേഷ് കൂട്ടങ്ങാരം, ടി.സജിത്ത് കുമാർ തുടങ്ങിയവരാണ് പിഴ അടച്ച മറ്റുള്ളവർ.