സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചൂകീറി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കാസർകോടും കൊല്ലത്തും തിരുവനന്തപുരത്തും തെരുവ് നായ ആക്രമണം ഉണ്ടായി. കാസർകോട് ബേക്കലിൽ വൃദ്ധയെ തെരുവ് നായക്കൂട്ടം ക്രൂരമായി ആക്രമിച്ചു. വൃദ്ധയുടെ ദേഹമാസകലം തെരുവുനായ്ക്കൾ കടിച്ചുപറിച്ചു. പുതിയ കടപ്പുറം സ്വദേശി 65 വയസുകാരി ഭാരതിയെയാണ് നായ്ക്കൾ ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകുകയായിരുന്നു ഇവർ. ഭാരതിയുടെ കൈകാലുകളിലും കഴുത്തിലും തലയിലും മുറിവേറ്റു. ഇവയിൽ ചിലത് ആഴത്തിലുള്ളതാണ്.

പരിക്കേറ്റ ഭാരതിയെ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അതേസമയം, കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തിൽ പത്ത് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പോളയത്തോട് ടോണി – കീർത്തി ദമ്പതികളുടെ മകനായ പത്ത് വയസുകാരൻ ഷൈനിനാണ് തെരുനായയുടെ കടിയേറ്റത്. പിന്തുടർന്നെത്തിയ നായക്കൂട്ടം വീണ കുട്ടിയെ ആക്രമിക്കുകയായിരുന്നു. അതുവഴി വന്ന സ്‌കൂട്ടർ യാത്രക്കാരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം വിളപ്പിലിൽ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്.