കൊച്ചി: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് പത്ത് കോടി രൂപയുടെ ഹവാല പണം. കൊല്ലം മുതൽ മലപ്പുറം ജില്ല വരെയുള്ള 25 കേന്ദ്രങ്ങളിലാണ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇടപാടുകാരുടെ നൂറിലേറെ ഫോണുകളും പരിശോധനയിൽ കണ്ടെടുത്തു.
ഏറ്റവും കൂടുതൽ പണം പിടികൂടിയിരിക്കുന്നത് കോട്ടയത്തെ ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ, ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്നാണ്. മൊബൈൽ കടകൾ, തുണിക്കടകൾ, സൗന്ദര്യ വർധക വസ്തുക്കളുടെ വിൽപ്പന നടത്തുന്ന കടകൾ, ഗിഫ്റ്റ് കടകൾ തുടങ്ങിയവയുടെ മറവിലാണ് ഹവാല ഇടപാട് നടക്കുന്നതെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ.
വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശ കറൻസികളും എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.

