ഇടുക്കി: കൂലിക്കൊപ്പം മറ്റാനുകൂല്യങ്ങളും വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പിലാകാതെ വന്നതോടെ പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ രംഗത്ത്. തോട്ടം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൂട്ടുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നായിരുന്നു ഹൈക്കോടതി നൽകിയ നിർദ്ദേശം. എന്നാൽ, ഇക്കാര്യം തൊഴിൽ വകുപ്പ് പരിഗണിച്ചില്ലെന്നാണ് തോട്ടം തൊഴിലാളികൾ പരാതിപ്പെടുന്നത്.
വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തോട്ടം തൊഴിലാളികൾ. സംസ്ഥാനത്ത് മുന്നര ലക്ഷത്തിലധികം പേരാണ് തോട്ടം മേഖലയിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം 41 രൂപ വീതമാണ് കൂലിയിനത്തിൽ കൂടിയത്. അതായത് എട്ട് മണിക്കൂർ ജോലിക്ക് ഫീൽഡ് വർക്കേഴ്സിന് 350 രൂപയും ഫാക്ടറി വർക്കേഴ്സിന് 352.5 രൂപയുമാണ് ഇവർക്ക് അടിസ്ഥാന ദിവസ വേതനമായി കിട്ടുന്നത്. അടിസ്ഥാന ശമ്പളമല്ലാതെ മറ്റോന്നിലും വർദ്ധനവില്ല. മറ്റ് ആനുകൂല്യങ്ങളിൽ വർദ്ധനവുണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞു.
2020 ൽ അടിസ്ഥാന വേതനം കൂട്ടിയപ്പോൾ മറ്റാനുകൂല്യങ്ങളെ പരിഗണിക്കാത്തതോടെ തൊഴിലാളികൾ ഹൈക്കോടതിയ സമീപിച്ചിരുന്നു. ഇതിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സർക്കാറിന് നിർദേശം നൽകി. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ തൊഴിൽ വകുപ്പിന് റിപ്പോർട്ടും സമർപ്പിച്ചു. ആനുകൂല്യ വർദ്ധനവിന് തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും 33 വർഷമായി കൂട്ടിയിട്ടില്ലെന്നുമായിരുന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

