തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ച വളരെ ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർഥി സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ എന്തു നിയമവിരുദ്ധമായ കാര്യങ്ങളും ചെയ്യാമെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തു തെറ്റു ചെയ്താലും യൂണിയൻ സംരക്ഷിക്കും, വിദ്യാർഥി സംഘടന സംരക്ഷിക്കും എന്ന ചിന്തയാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുകയാണ് അവർ. വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നത്. ക്രമസമാധാനം തകർന്നാൽ നമ്മളും വിദ്യാഭ്യാസ മേഖല തകർന്നാൽ ഭാവി തലമുറയുമാണ് സഹിക്കേണ്ടതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സർവ്വകലാശാലകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരളത്തിലെ പകുതിയോളം സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർക്കില്ല. സർവകലാശാലകളിൽ പാർട്ടിക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നു. കേരളത്തിൽനിന്ന് വ്യവസായവും കച്ചവടവും അകന്നു. ഇപ്പോൾ വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളും കേരളത്തിൽ നിന്ന് അകലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

