അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് ഒളിച്ചോടരുത്; മോൻസനെ കെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നുവെന്ന് പി ജയരാജൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കെ സുധാകരൻ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ സുധാകരൻ കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല. കെപിസിസി പ്രസിഡന്റാണ് അദ്ദേഹം. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രത കെ സുധാകരൻ കാണിച്ചില്ലെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരൻ പറയട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്എഫ്‌ഐക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രീകരിക്കുന്നു. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎമ്മിന്റേത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.