തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് നിർണായകമായ മറ്റൊരു ചുവടുവെപ്പിന് സാക്ഷ്യം വഹിച്ച് തലസ്ഥാന നഗരി. ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന തിരുവനന്തപുരം എസ്.എം.വി സ്‌കൂളിലേക്ക് 5 പെൺകുട്ടികൾ ഇന്ന് നവാഗതരായി എത്തി. ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്‌കൂളുകൾ ഇന്ന് മുതൽ മിക്‌സഡ് സ്‌കൂളുകളായി പ്രവർത്തിക്കും.
വർണാഭമായ ചടങ്ങുകളോടെയാണ് വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകിയത്. ഫ്‌ലക്‌സ് ബോർഡുകൾ ഉയർത്തിയും തോരണങ്ങൾ തൂക്കിയും എസ്.പി.സിക്കാരെ അണിനിരത്തിയും സഹപാഠികൾ പുതിയ കൂട്ടുകാരെ വരവേറ്റു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും നവാഗതരെ സ്വീകരിക്കാനെത്തിയിരുന്നു.
തിരുവനന്തപുരം എസ്.എം.വി സ്‌കൂളിലെ 2023-24 അധ്യയന വർഷ ബാച്ചിലേക്കാണ് 5 പേരും പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസിൽ അഖില അജയനും മാജിതയും എട്ടാം ക്ലാസിൽ വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും പ്രവേശനം നേടി.
മുൻപ് ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‌ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്.

