ന്യൂഡൽഹി: കവചിത വാഹനമായ ആർമഡോ ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസാണ് ആർമഡോ വികസിപ്പിച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് സുരക്ഷാസേനകൾക്കായി മാർക്സ്മാൻ, എഎസ്എൽവി തുടങ്ങിയ കവചിത വാഹനങ്ങൾ മഹീന്ദ്ര നേരത്തെയും നൽകിയിട്ടുണ്ട്. പ്രാദേശികമായി നിർമിച്ചിട്ടുള്ള രാജ്യത്തെ ആദ്യ ആർമേഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനമാണ് ആർമഡോ. രാജ്യത്തിന്റെയും നമ്മുടെ സായുധസേനയുടെയും അഭിമാനം ഉയർത്തി പിടിച്ച് നിർമിച്ചിരിക്കുന്ന വാഹനമാണിതെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവിയായ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയത്.
രാജ്യത്ത് ആദ്യമായി ഒരുങ്ങിയ ഈ വാഹനം സൈന്യത്തിന് കൈമാറുകയാണെന്ന അടിക്കുറിപ്പോടെ ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്ക് വാഹനത്തിൽ യാത്ര ചെയ്യാം. വാഹനത്തിന്റെ അടിസ്ഥാന ഭാരവാഹക ശേഷിയായ 1000 കിലോഗ്രാമിന് പുറമെ, അധികമായി 400 കിലോഗ്രാമിന്റെ സ്റ്റോറേജ് കപ്പാസിറ്റിയും ഈ വാഹനത്തിനുണ്ട്. രഹസ്യാനേഷണ ദൗത്യങ്ങൾ, മരുഭൂമി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഓപ്പറേഷനുകളും തിരച്ചിലുകളും സൈനിക പ്രതിരോധനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണിതെന്ന് മഹീന്ദ്ര അറിയിച്ചു.
വാഹനത്തിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും ആനന്ദ് മഹീന്ദ്ര നന്ദി അറിയിച്ചു. മഹീന്ദ്ര ഡിഫൻസ് സിസ്റ്റം മേധാവി എസ്.പി. ശുക്ല, സുഖ്വീന്ദർ ഹായർ തുടങ്ങിയവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. 3.2 ലിറ്റർ ശേഷിയുള്ള മൾട്ടി ഫ്യുവൽ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 216 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. വിവിധ ടെറൈനുകളിൽ യാത്രായോഗ്യമാക്കുന്നതിനായി ഫോർ വീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. സ്ഫോടനങ്ങളെയും ഫയറിങ്ങിനെയും ചെറുക്കാനുള്ള കരുത്തുള്ള ബോഡിയാണ് വാഹനത്തിന് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു സ്ഫോടനമുണ്ടായാൽ വാഹനത്തിനും അതിലുള്ളവർക്ക് പരിരക്ഷ ഒരുക്കുന്നതിനായി ആർമഡോയുടെ നാല് വശങ്ങളിലും പ്രത്യേകം കവചങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മഹീന്ദ്ര അറിയിച്ചു.

