സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി; ചെയർമാനായി ഗൗതം ഘോഷ്

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ ചെയർമാനായി ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് നിയമിതനായി. 1980 മുതൽ ഇന്ത്യൻ സമാന്തര സിനിമയുടെ വക്താവാണ് ഘോഷ്. വിവിധ വിഭാഗങ്ങളിലായി 17 ദേശീയ ചലച്ചിത്ര അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ആർട്ടിസ്റ്റും കലാസംവിധായകനുമായ നേമം പുഷ്പരാജ്, ചലച്ചിത്രസംവിധായകൻ കെ എം മധുസൂദനൻ തുടങ്ങിയവരായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പിനുള്ള രണ്ട് ഉപസമിതികളുടെയും അധ്യക്ഷന്മാർ. ഇരുവരും അന്തിമ ജൂറിയുടെ ഭാഗമാകും.

ഏഴംഗ അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ജൂറി മെമ്പർ സെക്രട്ടറിയാകും. എട്ടംഗ പ്രാഥമിക തിരഞ്ഞെടുപ്പ് പാനലിലെ മറ്റ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരൻ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമ്മാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, ഫിലിം എഡിറ്റർ ഡയറക്ടർ വിനോദ് സുകുമാരൻ എന്നിവരായിരിക്കും പാനലിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്ര സംബന്ധിയായ രചനകളുടെ ജൂറി അധ്യക്ഷൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി. നാരായണനായിരിക്കും. എഴുത്തുകാരായ കെ. രേഖ, എം.എ. ദിലീപ്, അജോയ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ആകെ 154 ചിത്രങ്ങളാണ് ഇത്തവണ അവാർഡിനായി മത്സരിക്കുന്നത്. ഇതിൽ കുട്ടികളുടെ 8 സിനിമകളും ഉൾപ്പെടുന്നുണ്ട്. ജൂൺ 19 ന് പ്രിലിമിനറി സ്‌ക്രീനിംഗ് ആരംഭിക്കും.