മനുഷ്യ ശരീരം എല്ലാം നിക്ഷേപിക്കാൻ കഴിയുന്ന കുപ്പത്തൊട്ടിയല്ലെന്നും ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ അനിവാര്യമാണെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തും സി.പി.സി.ആര്.ഐ. ഫാര്‍മര്‍ ഫസ്റ്റും ചേർന്ന് നടത്തിയ ചെറുധാന്യ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് ചെറുധാന്യകൃഷി നടത്തിയത്.
വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് ഇവയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ കഴിയണം. നമ്മുടെ കർഷകർ അരി കൃഷിക്ക് പിന്നാലെ പോയപ്പോൾ ആദിവാസി സമൂഹം ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. അട്ടപ്പാടിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾ സംസ്ഥാന കൃഷിവകുപ്പ് ബ്രാൻഡ് ചെയ്ത് ഇന്ന് വിപണിയിലെത്തിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാർ ഒരു ഫാക്ടറിയും അട്ടപ്പടിയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

