കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ ഒന്‍പത് കുട്ടികളുടെ തുടര്‍ പഠനം കൂടി ഉറപ്പുവരുത്തി ജില്ലാ കലക്ടര്‍ കൃഷ്ണ തേജ. എസ്എസ്എല്‍സിക്ക് മികച്ച വിജയം കരസ്ഥമാക്കിയ ഒന്‍പത് പേര്‍ക്കാണ് തുടര്‍ പഠന കാലത്ത് സ്കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ വഴിയൊരുക്കിയത്. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് വഴിയാണ് കുട്ടികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
പ്ലസ് വണ്‍, പ്ലസ്ടു പഠന കാലത്തും അതിനു ശേഷം ബിരുദ പഠന വേളയിലും കുട്ടികള്‍ തെരഞ്ഞെടുക്കുന്ന കോഴ്സുകള്‍ക്ക് അനുസരിച്ചാണ് സ്കോളര്‍ഷിപ്പ് നല്‍കുക. പഠന മികവിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് പേരെ സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തത്. നേരത്തേ 13 കുട്ടികളുടെ പഠനച്ചെലവുകള്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് ഏറ്റെടുത്തിരുന്നു. കോവിഡില്‍ അച്ഛനെ നഷ്ടപ്പെട്ട എട്ടു കുട്ടികള്‍ക്കും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഒരു കുട്ടിക്കുമാണ് ജില്ലാ കലക്ടര്‍ സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയത്.
കോവിഡ് ബാധിച്ച് മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട ജില്ലയിലെ 609 കുട്ടികള്‍ക്കാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പഠനച്ചെലവുകളും സ്കോളര്‍ഷിപ്പും കണ്ടെത്തി നല്‍കുന്നത്. ഇവരില്‍ നിന്ന് മുന്‍ഗണനാ ക്രമം നിശ്ചയിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നത്. കുട്ടികള്‍ക്ക് പഠന സഹായവും സ്കോളര്‍ഷിപ്പും വാഗ്ദാനം ചെയ്ത് പല കോണുകളില്‍ നിന്നും ആളുകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

