കൊച്ചി: വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണം നൽകി കൊച്ചി ലേക് ഷോർ ആശുപത്രി. ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ എച്ച് രമേഷാണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തിൽ പരിക്കേറ്റെത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയിരുന്നുവെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം കോടതി വിസ്തരിച്ചു. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്ന് ആശുപത്രി വ്യക്തമാക്കി.
ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ വി ജെ എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നാണ് ആശുപത്രിയിക്കും ഡോക്ടർമാർക്കുമെതിരെയുള്ള ആരോപണം. വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്ന് കോടതിയുടെ നിരീക്ഷിച്ചു. തുടർന്നാണ് പ്രതികൾക്ക് കോടതി സമൻസ് അയച്ചത്.
മലേഷ്യൻ പൗരനാണ് എബിന്റെ അവയവങ്ങൾ ദാനം ചെയ്തത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

