ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. മണിപ്പൂർ കലാപം 40 ദിവസം പിന്നിടുമ്പോഴും നൂറിലേറെ പേർ മരിച്ചിട്ടും പ്രധാനമന്ത്രി മൗനിയായി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി പരാജയമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂർ കലാപത്തിന് കാരണം. കലാപം അവസാനിപ്പിക്കാൻ സർവകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കോൺഗ്രസ് വക്താവ് ജയ്റാം രമേശും മണിപ്പൂർ സംഘർഷത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
മണിപ്പൂർ ഇനിയും ശാന്തമായിട്ടില്ലെന്നും കേന്ദ്രത്തിന്റെ ഇടപെടൽ ഫലപ്രദമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

