ഏഴ് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനായി- മന്ത്രി കെ. രാജന്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറി കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സാധിച്ചതായി റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍ പറഞ്ഞു. മണ്ണഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 1.22 ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഭരണ നിര്‍വഹണത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളായ വില്ലേജ് ഓഫീസുകളെ വിശാലവും സ്മാര്‍ട്ടുമാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ അതിവേഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി റവന്യൂ സംവിധാനത്തെ ഡിജിറ്റലൈസ് ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നവംബര്‍ ഒന്നോടെ കേരളത്തിലെ 1666 വില്ലേജുകള്‍, 77 താലൂക്ക് ഓഫീസുകള്‍, 27 ആര്‍.ഡി.ഒ. ഓഫീസുകള്‍, 14 കളക്ടറേറ്റുകള്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍, റവന്യൂ വകുപ്പിന്റെ സെക്രട്ടറിയേറ്റ് എന്നിവ പരസ്പരം ബന്ധിപ്പിച്ച് ഡിജിറ്റല്‍ പോയിന്റാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പലവിധത്തിലുള്ള നിയമ പ്രശ്‌നങ്ങളാലും ചട്ടങ്ങളാലും സര്‍ക്കാര്‍ ഉത്തരവുകളാലും കൊടുക്കാന്‍ കഴിയാതിരുന്ന അപേക്ഷകളില്‍ പോലും പ്രത്യേകമായ മിഷന്‍ നടത്തിക്കൊണ്ട് തീരുമാനം എടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പട്ടയ മിഷന്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ചെയര്‍മാനായും റവന്യു വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കണ്‍വീനറായും പൊതുമരാമത്ത്, വൈദ്യുതി, വനം, പട്ടികജാതി പട്ടികവര്‍ഗം, ജലവിഭവം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുമുള്ള സംസ്ഥാനതല നിരീക്ഷണ സമിതികള്‍ ആരംഭിച്ച് ഇതിന്റെ മേല്‍നോട്ടത്തില്‍ ഓരോ വില്ലേജിലും വില്ലേജ്തല ജനകീയ സമിതികള്‍ ആവിഷ്‌കരിച്ച് പട്ടയം വേണ്ടവരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു