കെ സുധാകരന് ആശ്വാസം; മുൻകൂർ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി 21ന് പരിഗണിക്കും. അതുവരെ കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. സാഹചര്യത്തിനനുസരിച്ചേ അത് പറയാനാകൂവെന്നാണ് സംസ്ഥാന സർക്കാർ ഇതിന് നൽകിയ മറുപടി.

മോൻസൻ മാവുങ്കിലിന്റെ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഡ്വ.മാത്യു കുഴൽനാടൻ മുഖേനയാണ് മുൻകൂർ ജാമ്യേപക്ഷ സമർപ്പിച്ചിരിക്കുന്നത്.

രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് ഹർജിയിൽ പറയുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ കെ സുധാകരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരേയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്രീയ വൈരം തീർക്കാനും, സമൂഹ മധ്യത്തിൽ തന്റെ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസിൽ പ്രതി ചേർത്തതെന്ന് ജാമ്യേപക്ഷയിൽ വ്യക്തമാക്കുന്നു.