ഗുജറാത്തിൽ ആഞ്ഞുവീശി ബിപോർജോയ് ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, 22 പേർക്ക് പരിക്ക്

ന്യൂഡൽഹി: ഗുജറാത്തിൽ ആഞ്ഞുവീശി ബിപോർജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിലെ തീര മേഖലയിൽ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേർ മരണപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകൾ വ്യാപകമായി തകർന്നതോടെ പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. 900 ഗ്രാമങ്ങളാണ് സംസ്ഥാനത്ത് ഇരുട്ടിലായത്.

സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളിൽ ബിപോർജോയ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടം വിതച്ചു. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചതിനാൽ വലിയ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുജറാത്തിൽ നിന്ന് ബിപോർജോയ് രാജസ്ഥാനിലേക്ക് നീങ്ങുന്നതിനാൽ ഇന്നും നാളെയും രാജസ്ഥാനിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാലിയ, ജഖാവു, അബ്ദാസ, ദയാപൂർ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും വലിയ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. അഞ്ഞൂറിലധികം മരങ്ങൾ കടപുഴകി വീണു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.