മണിപ്പൂരിൽ കലാപം തുടരുന്നു; കേന്ദ്ര മന്ത്രിയുടെ വീടിന് അക്രമികൾ തീവെച്ചു

ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്നു. മണിപ്പൂരിൽ കേന്ദ്ര മന്ത്രിയുടെ വീടിന് അക്രമികൾ തീവെച്ചു. കേന്ദ്ര മന്ത്രി ആർ കെ രഞ്ജൻ സിങിന്റെ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ ഇംഫാലുള്ള വസതിയ്ക്ക് അക്രമികൾ തീവെയ്ക്കുകയായിരുന്നു.

സംഭവ സമയത്ത് മന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല. ആയിരത്തിലധികം പേർ സംഘടിച്ചെത്തി വീട് വളഞ്ഞായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കലാപകാരികൾ പെട്രോൾ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളയുകയായിരുന്നു. പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ സമയം വീടിന് കാവലുണ്ടായിരുന്നത്. എന്നാൽ, ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കലാപകാരികൾ വീടിനും ചുറ്റും നിരന്ന് പെട്രോൾ ബോംബുകൾ വലിച്ചെറിയുകയായിരുന്നു.

അതേസമയം, സംസ്ഥാന മന്ത്രിയുടെ ഔദ്യോഗിക വസതിയും കഴിഞ്ഞ ദിവസം അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ഏക വനിതാമന്ത്രിയായ നെംച കിപ്ജെന്റെ വീടിനാണ് അക്രമികൾ തീവച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന് അക്രമികൾ തീവെച്ചപ്പോൾ മന്ത്രി വസതിയിലുണ്ടായിരുന്നില്ല. സുരക്ഷാ സേന സംഭവ സ്ഥലത്തെത്തി. അക്രമികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

കുക്കി വിഭാഗത്തിൽപെട്ട പത്ത് എം.എൽ.എമാരിൽ ഒരാളാണ് നെംചെ കിപ്‌ജെൻ. വ്യവസായ മന്ത്രിയാണ് ഇവർ. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്.