ചെന്നൈ: ബിജെപിയെ വെല്ലുവിളിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അതേ നാണയത്തിൽ മറുപടി നൽകി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാൻ തിരിപ്പിയടിച്ചാൽ, ഉങ്കളാൽ താങ്ക മുടിയാത് എന്ന സ്റ്റാലിന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. തിരിച്ചടിച്ചാൽ അതുപോലെ തിരിച്ചുകിട്ടുമെന്നായിരുന്നു അണ്ണാമലൈ സ്റ്റാലിനോട് പറഞ്ഞ മറുപടി. ശിവഗംഗയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡി എം കെയുടെ ഭരണം തമിഴ്നാടിന്റെ ദുരിതകാലമായിരുന്നു. കനിമൊഴി അറസ്റ്റിലായപ്പോൾ പോലും സ്റ്റാലിൻ ഇത്ര ദേഷ്യപ്പെട്ട് ആരും കണ്ടിട്ടില്ല. ജനങ്ങൾ പറയുന്നത് സെന്തിൽ ബാലാജി ഡിഎംകെയുടെ ട്രഷറർ ആണെന്നാണ്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയിലൂടെ സ്റ്റാലിൻ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭീഷണികേട്ട് തങ്ങൾ പേടിച്ചുവെന്നാണോ നിങ്ങൾ കരുതുന്നത്. ധൈര്യമുണ്ടെങ്കിൽ തങ്ങളിലൊരാളെ തൊടാൻ ശ്രമിച്ചുനോക്ക്, നിങ്ങൾ എന്താണോ മറ്റുള്ളവർക്ക് കൊടുക്കുന്നത് അതുമാത്രമേ നിങ്ങൾക്ക് തിരിച്ച് കിട്ടൂവെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

