പശ്ചിമ ബംഗാളിൽ സംഘർഷം; രണ്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംഘർഷം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ബംഗാളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തിലും സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടർന്നു.

ദിൻജാപൂർ ജില്ലയിലെ ചോപ്രയിലെ കാതൽബാരിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ ഇടതുമുന്നണിയുടെയും കോൺഗ്രസ് അനുഭാവികളുടെയും റാലിക്ക് നേരെ ആക്രമണം നടന്നു. റാലിക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 20-ഓളം സിപിഎം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ എട്ടിനാണ് ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.