ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കായികപരിശീലനം നല്‍കുന്ന മാതൃകയില്‍ യോഗാഭ്യാസത്തിലും പരിശീലനം നല്‍കാന്‍ ‘യോഗ പരിശീലകര്‍’ എന്ന തസ്തിക സൃഷ്ടിക്കും. ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതാണ് സംയുക്ത നടപടി.
‘ഡല്‍ഹി, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്. സംസ്ഥാന സര്‍ക്കാരുകളാണിത് നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുക’-ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മാതൃകയില്‍ യോഗ സ്പോര്‍ട്‌സ് ലീഗുകളും ഒരുക്കും. ആഗോളതലത്തില്‍ യോഗാസനം മത്സരയിനമാക്കി ഒളിമ്പിക്സിന്റെ ഭാഗമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസരംഗത്തെ ആര്‍ട്സ്, മെഡിക്കല്‍, എന്‍ജിനിയറിങ് പാഠ്യപദ്ധതികളുടെ ഭാഗമാണിപ്പോള്‍ യോഗ. ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ യോഗപഠനത്തിന് പ്രത്യേക ക്രെഡിറ്റും യുജിസി നല്‍കുന്നുണ്ട്. എന്‍സിഇആര്‍ടി പാഠ്യപദ്ധതിയില്‍ നേരത്തേതന്നെ യോഗ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രായോഗികതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് ആയുഷ് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, സ്‌കൂള്‍, സര്‍വകലാശാല, സംസ്ഥാന, ദേശീയ കായികമത്സരങ്ങളില്‍ യോഗാസനം ഉള്‍പ്പെടുത്തും.

