കേരളത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്; നിയമയുദ്ധം നടക്കാൻ പോകുന്നുവെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കേരളത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സിപിഎം നേതാവ് തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതൊരു അനിവാര്യ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യവഹാരത്തിനു പുറത്തുള്ള എല്ലാ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താൻ സംസ്ഥാനം ശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കു നൽകിയ വിശദമായ മെമ്മോറാണ്ടത്തിനുള്ള മറുപടിയും നിഷേധാത്മകമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഫെഡറൽ സംവിധാനം സംബന്ധിച്ച ഏറ്റവും സുപ്രധാനമായ നിയമയുദ്ധം നടക്കാൻ പോവുകയാണെന്നാണ് തോമസ് ഐസക്ക് വ്യക്തമാക്കിയത്.

നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. ഇത് പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിന് 2 ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യം. 13-06-2023-ന് കേരള സർക്കാർ ഇറക്കിയ ഉത്തരവു പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രിംകോടതിയെ സമീപിക്കുന്നതിനും ശ്രീ. കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബി എടുക്കുന്ന വായ്പ ഓഫ് ബജറ്ററി വായ്പയാണെന്ന് അംഗീകരിച്ചാൽപ്പോലും അത് എങ്ങനെ സർക്കാരിന്റെ പൊതുകടത്തിന്റെ ഭാഗമാകും. കേന്ദ്ര സർക്കാർ ഇത്തരമൊരു നടപടിക്രമമല്ല അനുവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഓഫ് ബജറ്ററി വായ്പകൾ കേന്ദ്രത്തിന്റെ പൊതുകടത്തിലോ ധനക്കമ്മിയിലോ ഉൾപ്പെടുത്തുന്നില്ല. കേന്ദ്രത്തിന്റെ ഈ ഇരട്ടത്താപ്പ് നയം കേരളത്തിന്റെ അന്യാദൃശ്യമായ കുതിപ്പിനെ അട്ടിമറിക്കാനുള്ള ഒരു കുത്സിത നീക്കമാണെന്ന് തോമസ് ഐസക്ക് വിമർശിച്ചു.

കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള പ്രശ്‌നം ഇന്ന് നിർമ്മാണത്തിലിരിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ, വലിയ റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ, പുതിയ വൈദ്യുതി ട്രാൻസ്മിഷൻ ലൈൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികൾ കേരളത്തിന് ഇന്ന് വേണോ വേണ്ടയോ എന്നുള്ളതാണ്. കേന്ദ്രം പറയുന്നത് യൂസർഫീക്ക് അനുവാദം നൽകി ഇവയുടെയെല്ലാം നിർമ്മാണം കോർപ്പറേറ്റുകളെ ഏൽപ്പിക്കണം എന്നുള്ളതാണ്. ഇതാണോ യുഡിഎഫിന്റെ നിലപാട്? സംസ്ഥാനത്തിന്റെ ഉത്തമതാല്പര്യത്തെ ബിജെപിയും യുഡിഎഫും കേന്ദ്രത്തിന് അടിയറവയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ ധനപരമായ അവകാശം ഇന്നത്തെ കേരളത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും മറ്റും രണ്ട് വർഷമായി നടക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണം കേരളത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.