ബിപോർജോയ് ചുഴലിക്കാറ്റ്; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ഭീഷണിയുമായി ബന്ധപ്പെട്ട് മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചർച്ച നടത്തി. ചുഴലിക്കാറ്റ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ സൈന്യവും ദുരന്ത നിവാരണ സേനയും നിരീക്ഷണം നടത്തുന്നുണ്ട്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ യോഗം ചേർന്നിരുന്നു.

ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.