ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല. നിഷേധങ്ങളും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നു’- അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി.
അതേസമയം, കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലനില്‍ക്കുന്ന ഭീഷണികള്‍ക്കിടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയാണ്.

