കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ സുധാകരനെ പ്രതി ചേർത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കെ സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സുധാകരന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയക്കുകയും ചെയ്തു. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ സുധാകരനെതിരെ ആരോപണം ഉയർന്നിരുന്നു. മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് സുധാകരൻറെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാർ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.

