ബെയ്ജിങ്: അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ രാജ്യം വിട്ട് പോകണമെന്നാണ് ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോട് ചൈന ആവശ്യപ്പെട്ടത്. ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്ന് ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടർ മടങ്ങിയെത്തിയാൽ ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും. ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി ഈ വർഷമാദ്യം നാലു മാധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽനിന്നു മടങ്ങിയിരുന്നു. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു മാദ്ധ്.മ പ്രവർത്തകരുടെ വിസ പുതുക്കാനും ചൈന തയ്യാറായിരുന്നില്ല.
അതേസമയം, ഇന്ത്യൻ മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രകരിച്ചിട്ടില്ല.

