‘ബിപോര്‍ജോയ്’: മുംബൈയില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി; പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്‌

മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് അതീതീവ്രമായതോടെ മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താല്‍ക്കാലികമായി അടച്ചതിനാല്‍ മുംബൈ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസര്‍വീസുകള്‍ വൈകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗംവിളിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. തടസ്സങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റു തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകളാണ് അടിച്ചുകയറുന്നത്. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര പ്രദേശത്തേക്ക് നീങ്ങുന്നതായാണ് വിവരം. 15-ന് ഗുജറാത്തിലെ മാണ്ഡ്വിക്കും പാകിസ്താനിലെ കറാച്ചിക്കുമിടയില്‍ 150 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് കരയില്‍ കടക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.