ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയല്ല, തെറ്റ് എല്ലാ കാലവും മറച്ച് വെക്കാന്‍ പറ്റില്ലെന്നും കെ. കെ ശൈലജ

കണ്ണൂര്‍: തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കല്‍ പിടികൂടുമെന്ന ബോധ്യം വേണമെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതികരണവുമായി കെ.കെ ശൈലജ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

‘ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താല്‍ ഒരിക്കല്‍ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാന്‍ പറ്റില്ല. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്റെ മുന്നിലില്ല. ആര്‍ഷോ നല്‍കിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് അറിവ്. അത്തരം ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയും. പങ്കാളിയല്ലെങ്കില്‍ അതും, ആണെങ്കില്‍ അതും തെളിയിക്കപ്പെടും. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ എനിക്ക് അഭിപ്രായം പറയാനാകില്ല’- ശൈലജയുടെ പറഞ്ഞു.

അതേസമയം, എസ്എഫ്‌ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയെടുക്കും. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അഗളി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.