‘കോണ്‍ഗ്രസും ഡിഎംകെയും 3ജി, 4ജി പാര്‍ട്ടികള്‍; രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ചെന്നൈ: പ്രതിപക്ഷ പാര്‍ട്ടികളിലെ കുടുംബാധിപത്യത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലെ വെല്ലൂരില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത്ഷായുടെ വാക്കുകള്‍

‘ഇപ്പോള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികളാണ് ഒരു കാലത്ത് രാജ്യത്തെ അഴിമതിയില്‍ മുക്കിക്കൊണ്ടിരുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെയാണെങ്കില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസായിരുന്നു അഴിമതിയുടെ കേന്ദ്രം. കോണ്‍ഗ്രസും ഡിഎംകെയും 3ജി, 4ജി പാര്‍ട്ടികളാണ്. ഡിഎംകെയെ നയിക്കുന്നത് ഒരു കുടുംബത്തിന്റെ മൂന്നാം തലമുറയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് നെഹ്റു കുടുംബത്തിന്റെ നാലാം തലമുറയാണ്. കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയാണ് അഴിമതി നടത്തുന്നതെങ്കില്‍ കോണ്‍ഗ്രസില്‍ അത് നാലാം തലമുറയില്‍പ്പെട്ട രാഹുലാണ്. ഈ 3ജി, 4ജി പതിറ്റാണ്ടുകളായി രാജ്യത്തെ ചൂഷണം ചെയ്ത് ജീവിക്കുകയാണ്. രാജ്യത്തിനെതിരായ നയമാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. കശ്മീര്‍ വിഭജനത്തിനെതിരെ നിലപാട് സ്വീകരിച്ചത് അതിന് ഉദാഹരണമാണ്. കശ്മീര്‍ നമ്മുടേതാണെന്നിരിക്കെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്തത് എന്തുകാരണത്താലാണെന്ന് ഡിഎംകെ വ്യക്തമാക്കണം. നിരന്തരം കര്‍ഫ്യുകള്‍ നടപ്പിലാക്കി കശ്മീരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് യുപിഎ ഭരണകാലത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കശ്മീരില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. 2024 തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 25 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഭാവിയില്‍ ഒരു തമിഴ്നാട്ടുകാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകും.’