ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും; ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താകുറിപ്പിലൂടെയായിരുന്നു യൂണിയന്റെ പ്രതികരണം.

കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ കെഎസ്യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കെയുഡബ്ല്യുജെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.