അരിക്കൊമ്പന്‍ കന്യാകുമാരിയില്‍ തന്നെ; ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തം

കന്യാകുമാരി: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുന്നതായും ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകര്‍ അറിയിച്ചു. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ചു മുതല്‍ ഇരുപത് കിലോമീറ്റര്‍വരെ സഞ്ചരിക്കുന്ന അരിക്കൊമ്പന്‍ ശനിയാഴ്ച ആറു കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിച്ചത്. അപ്പര്‍ കോതയാറിന്റെ തെക്കന്‍ ദിശയിലേക്കായിരുന്നു സഞ്ചാരം.

അതേസമയം, കന്യാകുമാരിക്ക് സമീപമുള്ള ജനവാസ മേഖലയിലേക്കോ കേരളത്തിലെ പൊന്മുടിയടക്കമുള്ള മേഖലയിലേക്കോ അരിക്കൊമ്പന്‍ കടക്കാതിരിക്കാനുള്ള നടപടികള്‍ തമിഴ്നാട് വനംവകുപ്പ് ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. അമ്പതംഗ ദൗത്യസംഘത്തെ വനംവകുപ്പ് ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആളുകളുമായി അടുത്തിടപഴകി പരിചയമുള്ള ആനയായതിനാല്‍ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ അരിക്കൊമ്പനെ തിരികെ കൊണ്ടു വരാന്‍ പ്രയാസമാകും. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

കോതയാര്‍ ഡാമിനു സമീപം നിലയുറപ്പിച്ച അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്‌നല്‍ നഷ്ടമായത് ആശങ്കക്ക് കാരണമായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാത്രിയോടെ സിഗ്‌നല്‍ ലഭിച്ചപ്പോഴാണ് അരിക്കൊമ്പന്‍ കന്യാകുമാരിയിലെ വനമേഖലയിലേക്ക് കടന്നതായി വനംവകുപ്പ് സ്ഥിരീകരിച്ചത്.